സിനിമ സമരം;ദുരിതത്തിലായത്‌ തുശ്ചവരുമാനക്കാരായ തിയേറ്റർ തൊഴിലാളികൾ

തിയേറ്റര്‍ വിഹിതത്തെ ചൊല്ലി നിര്‍മാതാക്കളും സിനിമാ വിതരണക്കാരും തമ്മിലുള്ള തർക്കത്തെ തുടർന്ന്‌ തിയേറ്ററുകൾ അടച്ചതില്‍ ദുരിതത്തിലായത് തിയേറ്ററുകളിൽ പണിയെടുത്തിരുന്ന അനേകായിരം തൊഴിലാളികള്‍.സർക്കാർ കണക്കു പ്രകാരം മാത്രം തിയേറ്റുകളിൽ ലൈസൻസുള്ള 6000ത്തോളം പ്രൊജക്ടർ ഓപ്പറേറ്റർമാരുണ്ട്‌. നൂൺഷോ, മാറ്റിനി ആദ്യത്തേതും രണ്ടാമത്തേതുമായ കളികൾ എന്നിങ്ങനെ നാല്‌ പ്രദർശനങ്ങൾക്കായി 12 മണിക്കൂറാണ്‌ ഇവരുടെ ജോലി സമയം. നാല്‌ പ്രദർശനങ്ങൾക്കുമായി രാവിലെ 9ന്‌ തുടങ്ങുന്ന ജോലി രാത്രി ഒരു മണിയോടെയാണ്‌ അവസാനിക്കുന്നത്‌. ആദ്യത്തേതും രണ്ടാമത്തേതുമായ പ്രദർശനങ്ങൾക്കുമാത്രമായി മിനിമം വേജസ്സ്‌ ആക്ടനുസരിച്ച്‌ ഒരു പ്രൊജക്ടർ ഓപ്പറേറ്റർക്ക്‌ പ്രതിദിനം ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ വേതനം 600 രൂപയാണ്‌. നൂൺഷോ, മാറ്റിനി എന്നിവയ്ക്ക്‌ പ്രത്യേക ബാറ്റയായി 120 രൂപ പ്രത്യേകമായി നൽകണം. അത്‌ ആറ്‌ മണിക്കു മുമ്പായി കൊടുത്തുതീർക്കുകയും വേണം. പല തിയേറ്റർ ഉടമകളും 120ന്‌ പകരം കൊടുക്കുന്നത്‌ 90 രൂപയാണ്‌. ഏറെപ്പേരും നാല്‌ പ്രദർശനത്തിന്റെയും വേതനം മാസശമ്പളത്തിലൊതുക്കുകയാണ്‌ ചെയ്യുന്നത്‌. പ്രതിമാസ വരുമാനമാകട്ടെ, 6500 രൂപ മുതൽ 10000 രൂപ വരെയാണ്.

20000 രൂപയാണ്‌ പ്രൊജക്ടർ ഓപ്പറേറ്റർക്ക്‌ പ്രതിമാസ വേതനമായി നൽകുന്നതെന്ന തിയേറ്റർ ഉടമകളുടെ സംഘടനയുടെ നേതാവിന്റെ പ്രഖ്യാപനം പച്ചക്കള്ളമാണെന്ന്‌ പ്രൊജക്ടർ ഓപ്പറേറ്റർമാരായ തൊഴിലാളികൾ പറയുന്നു.

Top