പെര്‍ഫെക്ട് ആമിര്‍, പെര്‍ഫെക്ട് ദംഗല്‍

മലയാള ചിത്രങ്ങള്‍ റിലീസിന് എത്താതിരുന്നതോടെ കേരളത്തിലെ പ്രധാവനപ്പെട്ട റിലീസ് ബോളിവു‍ഡ് ചിത്രം ദംഗല്‍ ആയിരുന്നു. ആമിര്‍ ഖാന്‍ നായകനായി എത്തിയ ചിത്രത്തിന് വമ്പന്‍ പ്രതികരണമാണ് കേരളത്തില്‍ നിന്നും ലഭിക്കുന്നത്. നിതേഷ് തിവാരിയാണ് ആമിറിനെ നായകനാക്കി ദംഗല്‍ സംവിധാനം ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ കായികലോകത്തിന് മറക്കാനാവാത്ത ഗുസ്തിപരിശീലകന്‍ മഹാവീര്‍ സിങ് ഫോഗട്ടിന്റെ ജീവിതകഥയാണ് ദംഗല്‍ പറയുന്നത്. സമൂഹത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് തന്റെ പെണ്‍മക്കള്‍ക്ക് ഗുസ്തിപരിശീലനം നല്‍കി അവരെ അന്തര്‍ദേശീയ വേദികളിലേക്ക് ഉയര്‍ത്തിയ മഹാവീര്‍ ആണ് ആമിറിന്റെ കഥാപാത്രം. തന്റെ സ്വപ്നങ്ങള്‍ തന്റെ മക്കളിലൂടെ നേടിയെടുക്കുകയാണ് ആമിറിന്റെ കഥാപാത്രം.

സാക്ഷി തന്‍വാര്‍, ഫാത്തിമ സനാ ഷെയ്ഖ്, സന്യ മല്‍ഹോത്ര, സൈറ വസീം, സുഹാനി ഭട്ട്നാഗര്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നിതേഷ് തിവാരി, പീയുഷ് ഗുപ്ത, ശ്രേയസ് ജെയ്ന്‍, നിഖില്‍ മെഹരോത്ര എന്നിവര്‍ ചേര്‍ന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. പ്രിതത്തിന്റേതാണ് സംഗീതം.

70 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം വാള്‍ട് ഡിസ്നി പിക്ചേഴ്സ്, ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍, യുടിവി മോഷന്‍ പിക്ചേഴ്സ് എന്നീ പ്രൊഡക്ഷന്‍ കമ്പനികളുടെ ബാനറില്‍ ആമിര്‍ ഖാന്‍, കിരണ്‍ റാവു, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. വാള്‍ട് ഡിസ്നി സ്റ്റുഡിയോസ് മോഷന്‍ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.

Top